രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും; നാവികസേനാ ദിനാഘോഷത്തിനൊരുങ്ങി ശംഖുമുഖം

news image
Dec 3, 2025, 4:34 am GMT+0000 payyolionline.in

തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് (ഡിസംബർ 3) തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4:20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് നേവി ഡേ ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങൾ വീക്ഷിക്കും.

നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തുടർന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബർ 4ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.നാവികസേനാ ദിനാഘോഷത്തിൻ്റെ ഒരുക്കങ്ങൾ ശംഖുമുഖത്ത് പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ നടന്ന ഫുൾ ഡ്രസ്സ് റിഹേഴ്സൽ കാണാൻ നിരവധിയാളുകളാണ് എത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയുടെ മേൽനോട്ടത്തിൽ നടന്ന ഫുൾ ഡ്രസ് റിഹേഴ്സൽ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.

പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്കാണ് ശംഖുമുഖം വേദിയായത്. കേരളത്തിൻ്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആയിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കി. പിന്നാലെ ഇന്ത്യയുടെ പോർക്കപ്പലുകളായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ചേർന്ന് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കി.വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ സേനയുടെ ഉൾക്കരുത്തിൻ്റെയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി. സീ കേഡറ്റ് അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ് ഡാൻസും ശ്രദ്ധേയമായിരുന്നു. എല്ലാ പോർക്കപ്പലുകളും തീരക്കടലിൽ ദീപാലങ്കൃതമായി അണിനിരന്നതോടെയാണ് റിഹേഴ്സൽ സമാപിച്ചത്.

ഇന്ത്യൻ നാവികസേനയുടെ കടല്‍ കരുത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഡിസ്ട്രോയര്‍ യുദ്ധക്കപ്പലുകളായിരുന്നു റിഹേഴ്സലിലെ മുഖ്യ ആകര്‍ഷണം. ചീറിപ്പാഞ്ഞെത്തിയ ഫൈറ്റര്‍ ജെറ്റുകളും, സീ ഹോക്ക്, ചേതക് ഹെലികോപ്ടറുകളും, മുങ്ങിക്കപ്പലും, ഫാസ്റ്റ് ഇന്‍റര്‍സെപ്റ്റ് ബോട്ടുകളുമെല്ലാം ചേര്‍ന്ന് കടലും ആകാശവും നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ നാവിക സേനയുടെ ആയുധ, സാങ്കേതികക്കരുത്താണ് വെളിപ്പെട്ടത്. ഇന്ന് രാഷ്ട്രപതിയ്ക്ക് മുന്നിൽ സൈനിക കരുത്ത് പ്രദർശിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe