രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തത്: പ്രധാനമന്ത്രി

news image
Aug 10, 2023, 2:05 pm GMT+0000 payyolionline.in

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത മാതാവ് പരാമര്‍ശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും നിരാശയില്‍ നിന്നാണ് രാഹുലിന്റെ പരാമര്‍ശമെന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് മോദിയുടെ വിമര്‍ശനം.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണവും നരേന്ദ്രമോദി പ്രസംഗത്തില്‍ ആയുധമാക്കി. പ്രതിപക്ഷ ഐക്യത്തെ വിമര്‍ശിക്കാനായാണ് മോദി, രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത് പരാമര്‍ശിച്ചത്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഓഫീസ് അടിച്ച് തകര്‍ത്തവരുമായാണ് കോണ്‍ഗ്രസ് സൗഹൃദം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മോദി പ്രസംഗത്തിനിടെ പറഞ്ഞത്. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അഹങ്കാരമാണ് കോണ്‍ഗ്രസിനെ നാന്നൂറ് സീറ്റില്‍ നിന്ന് നാല്‍പ്പതിലേക്ക് എത്തിച്ചതെന്ന് മോദി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുബത്തിന്റെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്നും മോദി പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയം കൊണ്ടുവന്നതില്‍ പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സര്‍ക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’.  2024ല്‍ ബിജെപിക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാന്‍ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതുപോലെ ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി അവകാശപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe