രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവ: നിയമനടപടിക്കൊരുങ്ങി ഹണി റോസ്

news image
Jan 11, 2025, 9:07 am GMT+0000 payyolionline.in

കൊച്ചി: താനും കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്ന് നടി ഹണി റോസ്. അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും രാഹുലിന്റെ പ്രവർത്തികൾ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവയാണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കുമെന്നും അവർ പറഞ്ഞു.

 

കുറിപ്പിന്റെ പൂർണരൂപം:

 

ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്. അതിനു പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കള്‍ ആണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ നടന്ന പകല്‍ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്റെ പരാതിയില്‍ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്.

 

ഇങ്ങനെ ആണെന്നിരിക്കെ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങള്‍ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധഭീഷണികള്‍, അപായഭീഷണികള്‍,അശ്‌ളീല, ദ്വയാര്‍ത്ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ് കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത് . താങ്കളും താങ്കള്‍ പിന്തുണക്കുന്ന, ഞാന്‍ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജന്‍സികളും എനിക്കെതിരെ നടത്തുന്നത് ഈ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗം ആണ്.

 

എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴില്‍ നിഷേധരീതിയിലും, നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe