രാഹുൽ മുങ്ങിയത് സിനിമ താരത്തിന്‍റെ കാറിൽ? ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം

news image
Dec 1, 2025, 6:41 am GMT+0000 payyolionline.in

പാലക്കാട്: ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്‍റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്‍റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സിനിമ താരവും എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുൽ മുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഹുലിന്‍റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും ആരുടെ കാറാണെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇവരിൽ നിന്ന് ചില നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.രണ്ടാം ദിവസവും അന്വേഷണ സംഘം പാലക്കാട് തുടരുകയാണ്. ഇന്നലെ ഫ്ലാറ്റിലടക്കമാണ് പരിശോധന നടത്തിയതെങ്കില്‍ ഇന്ന് പാലക്കാട് നഗരത്തിലും പരിസരത്തവുമാണ് അന്വേഷണം. പരാമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. രാഹുലിനെ കണ്ടെത്താൻ ബെംഗളൂരുവിലേക്കും തമിഴ്നാട്ടിലേക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാഹുലിന്‍റെ റൂട്ട് ഇപ്പോഴും അവ്യക്തമാണ്. സിസിടിവിയുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി അതിവിദഗ്ധമായാണ് രാഹുൽ പാലക്കാട് വിട്ടത്. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാര്‍ മാത്രം പല വഴിയ്ക്ക് ഓടിച്ചുവെന്നും വിവരമുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്‍റെ റൂട്ട് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. ഇന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe