കോട്ടയം ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഇടുക്കി സ്വദേശി ജിതിൻ ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മെയിൽ നഴ്സായിരുന്നു ജിതിൻ. ഇടുക്കി കാഞ്ചിയാറിൽ നിന്നുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പൊകുമ്പോഴാണ് അപകടം.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രണ്ടോടെ പുന്നത്തുറ ജംങ്ഷനിൽ വച്ചായിരുന്നു അപകടം.
നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് എതിരെ വന്ന സ്വിഫ്റ്റ് കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ ഏറ്റുമാനൂർ പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി.
ആംബുലൻസിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ ജിതിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.