റഷ്യയിൽ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 മരണം; 80 പേർക്ക് പരുക്ക്

news image
Aug 15, 2023, 11:52 am GMT+0000 payyolionline.in

മോസ്കോ∙ റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 പേര്‍ മരിച്ചു. സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ കത്തിനശിച്ച കാറുകളുടെയും തീ അണയ്ക്കാൻ ശ്രമിക്കുന്ന ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. സ്ഫോടനത്തിൽ 35 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. 80 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പുട്ടിൻ അറിയിച്ചു. പരുക്കറ്റവർക്ക് എത്രയും പെട്ടെന്ന് ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കട്ടെ എന്നും ഔദ്യോഗിക വാർത്താകുറിപ്പിൽ പുട്ടിൻ വ്യക്തമാക്കി. കാർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിക്കുകയും സ്ഫോടന‌മുണ്ടാകുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തീപിടിത്തത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചു വരികയാണ്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. കാർ നിർത്തിയിട്ട സ്ഥലത്തുനിന്നാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് പെട്രോൾ പമ്പിലേക്കു തീപടർന്ന് സ്ഫോടനത്തിൽ കലാശിക്കുകയായിരുന്നു എന്നു ദൃക്സാക്ഷികൾ വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നതെന്നു പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും പുകപടലം നിറഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. 600 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ തീ പടർന്നതായും 260 അഗ്നിശമന സേന പ്രവർത്തകർ‌ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe