കാസർകോഡ്: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് ചാനൽ വാർത്തകൾക്കടിയിൽ കമന്റ് ചെയ്തവർക്കെതിരെ കേസ്. വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്പർദ വളർത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.ഒരാൾക്കെതിരെയാണ് നിലവിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്.
റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്ന് കേരള പൊലീസ് ഫേസ് ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ അതിൽ ഏറെയും കേരള പൊലീസിനെ കേരള പൊലീസിനെ വിമർശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു.കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയുമാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ. ബാലകൃഷ്ണൻ. ആര്.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന മൂന്നാം ദിവസം തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.