ചെന്നൈ : സൂപ്പർ താരം രജനീകാന്തിനെയും വിടാതെ വ്യാജൻമാർ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രജനിയുടെ പുതിയ ചിത്രം ‘കൂലി’യുടെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ എച്ച്ഡി, ലോ റെസല്യൂഷൻ പതിപ്പുകൾ വിവിധ ടോറന്റ്, പൈറസി വെബ്സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ പൂർണമായ വ്യാജപതിപ്പാണ് പ്രചരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്റോക്കേഴ്സ്, പൈറേറ്റ്സ്ബേ, ഫിലിംസില എന്നിവയിൽ നിന്നുള്ള പൈറസി ടോറന്റ് ലിങ്കുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മുന്നറിയിപ്പുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സിനിമ കാണുന്നത് പകർപ്പവകാശ നിയമപ്രകാരം കുറ്റമാണെന്നും അണിയറ പ്രവർത്തകർ ആരാധകർക്ക് മുന്നറിയിപ്പ് നൽകി.
മാൽവെയർ, സ്പൈവെയർ, ഫിഷിംഗ് ലിങ്കുകൾ തുടങ്ങിയ ഭീഷണികൾ പൈറസി പ്ലാറ്റ്ഫോമുകളിൽ ഉണ്ടെന്നും ഇവ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുന്നതിനോ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനോ സാമ്പത്തിക തട്ടിപ്പുകൾക്കോ കാരണമാകുമെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. രജനീകാന്തിനൊപ്പം നാഗാർജുന, ആമിർ ഖാൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിലുണ്ട്.