മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും ടിക്കറ്റ് വില്പനയിൽ തുടരും മുന്നിലാണ്. പുറത്തിറങ്ങി ഇരുപത്തി രണ്ടാം ദിവസമായ ഇന്നലെ 4.11K ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒപ്പമുള്ള മറ്റു മലയാള സിനിമകളേക്കാൾ ഉയർന്ന ടിക്കറ്റ് വില്പനയാണിത്.
4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 210.75 കോടിയാണ്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 103 കോടിയാണ് നേടിയത്. ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും.തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.