റേഡിയോളജിസ്റ്റായ സഹോദരിയുടെ സംശയം ദുരൂഹത നീക്കി; ബംഗളൂരുവിൽ ഡോക്ടറെ ഭർത്താവ് അനസ്തേഷ്യ കുത്തിവെച്ച് കൊലപ്പെടുത്തിയ സംഭവം ചുരുളഴിഞ്ഞത് ഇങ്ങനെ..

news image
Oct 16, 2025, 11:49 am GMT+0000 payyolionline.in

ബംഗളൂരുവിൽ ആറു മാസം മുമ്പ് സാധാരണ മരണമെന്ന് പറഞ്ഞ് പൊലീസ് എഴുതിത്തള്ളിയ കേസാണ് പിന്നീട് കൊലപാതകമായി മാറിയത്. ഡെർമറ്റോളജിസ്റ്റായ ഡോ. ക്രിതിക എം. റെഡ്ഡി(29)യാണ് മരണപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ കൊലപാതകക്കുറ്റം ചുമത്തി ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി(31)യെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്ര കുറ്റം സമ്മതിച്ചിട്ടുണ്ട്. ഏറെ കാലത്തെ ആസൂത്രണത്തിന് ശേഷമാണ് ക്രിതികയെ മഹേന്ദ്ര കൊലപ്പെടുത്തിയത്. ക്രിതികയുടെ ആരോഗ്യപ്രശ്നങ്ങളും അസുഖവിവരം ഭാര്യയുടെ കുടുംബം മറച്ചുവെച്ചതുമാണ് കൊല്ലാൻ ​പ്രേരിപ്പിച്ച ഘടകങ്ങളെന്ന് മഹേന്ദ്ര പൊലീസിനോട് പറഞ്ഞിരുന്നു. മെഡിക്കൽ രംഗത്തെ തന്റെ അവഗാഹം ഉപയോഗപ്പെടുത്തി ആർക്കും സംശയത്തിന് ഇട നൽകാത്തവിധം ഭാര്യയെ ഘട്ടംഘട്ടമായി കൊല്ലാനായിരുന്നു മഹേന്ദ്ര പദ്ധതിയിട്ടത്. ഒരു വർഷമായിട്ടേ ഉണ്ടായിരുന്നുള്ളൂ ഇരുവരും വിവാഹിതരായിട്ട്.

പലതവണയായി മഹേന്ദ്ര ഭാര്യക്ക് അനസ്തേഷ്യ നൽകിയിരുന്നു. ദീർഘകാല ഗ്യാസ്ട്രിക്, മെറ്റബോളിക് തകരാറുകൾ അനുഭവിക്കുകയാണ് ക്രിതിക. ഈ അസുഖം മാറ്റാനെന്ന പേരിലാണ് മഹേന്ദ്ര മരുന്ന് കുത്തിവെച്ചത്. ഒരു ഡോക്ടർ എന്ന നിലയിൽ മഹേന്ദ്ര ആശുപത്രിയുടെ ഒ.ടി, ഐ.സി.യു സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് മരുന്ന് എടുത്തത്. ഡോക്ടർമാർ നിർദേശിക്കുന്നതിലും അമിത അളവിൽ മരുന്നാണ് കുത്തിവെച്ചത്. തുടക്കത്തിൽ ആർക്കും ക്രിതികയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. അവരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കാനുല സെറ്റുകളും ഇൻജെക്ഷൻ ട്യൂബുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നിർണായക തെളിവുകളായി.

ഈ വർഷം ഏപ്രിൽ 21ന് ​തനിക്ക് ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടെന്ന് ക്രിതിക പറഞ്ഞു. തുടർന്ന് മഹേന്ദ്ര അനസ്തേഷ്യ കുത്തിവെച്ചു. വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് ഏപ്രിൽ 22ന് മഹേന്ദ്ര ക്രിതികയെ അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഏപ്രിൽ 23ന് ഐ.വി എടുത്തതിൽ അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് ക്രിതിക മഹേന്ദ്രക്ക് സന്ദേശം അയച്ചു. എന്നാൽ അത് മാറ്റരുതെന്ന് പറഞ്ഞ മഹേന്ദ്ര രാത്രി വീണ്ടും വീട്ടിലെത്തി മറ്റൊരു ഡോസ് കൂടി നൽകി. ഏപ്രിൽ 24ന് രാവിലെ ക്രിതികയെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് മഹേന്ദ്രയും ക്രിതികയും കുടുംബവും ഉടൻ ആശുപത്രിയിൽ എത്തിച്ചു. ക്രിതിക മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നാണ് മഹേന്ദ്ര പറഞ്ഞത്. പെട്ടെന്ന് തന്നെ മൃതദേഹം സംസ്കരിക്കാനും തിടുക്കം കൂട്ടി.

പൊലീസ് സാധാരണ മരണമെന്ന് എഴുതിത്തള്ളിയെങ്കിലും മൂത്ത സഹോദരിയുടെ സംശയങ്ങളാണ് അന്വേഷണത്തിന് വഴിവെച്ചത്. സഹോദരിയുടെത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കാൻ റേഡിയോളജിസ്റ്റായ ഡോ. നികിത റെഡ്ഡി തയാറായില്ല. അവരുടെ നിർബന്ധ പ്രകാരമാണ് ആശുപത്രി അധികൃതർ മറാത്തഹള്ളി പൊലീസിൽ മെഡിക്കോ ലീഗൽ കേസ് ഫയൽ ചെയ്തത്. മാസങ്ങൾക്കു ശേഷം ഫോറൻസിക് പരിശോധന ഫലം വന്നപ്പോൾ ഡോ. നികിതയുടെ സംശയം ശരിയാണെന്ന് തെളിയുകയും ചെയ്തു.

ഫോറൻസിക പരിശോധനയിൽ ശസ്ത്രക്രിയ വേളയിൽ രോഗികളെ മയക്കാനുപയോഗിക്കുന്ന പ്രൊപോഫോളിന്റെ സാന്നിധ്യം ക്രിതികയുടെ അവയവങ്ങളിലുള്ളതായി തെളിഞ്ഞു. ഏപ്രിൽ 21നും 23നുമിടെ അമിതമായ അളവിൽ ഈ മരുന്ന് ക്രിതികയുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു മഹേന്ദ്ര.

ക്രിതികയുടെ ആരോഗ്യാവസ്ഥയിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നു. ബംഗളൂരുവിൽ ആശുപത്രി തുടങ്ങാൻ വലിയൊരു തുക മരുമകൻ ആവശ്യപ്പെട്ടിരുന്ന കാര്യം മുനി റെഡ്ഡി പിന്നീട് വെളിപ്പെടുത്തി. കൂടുതൽ പരിചയ സമ്പന്നനായിട്ട് മതി സ്വന്തമായി ആശുപത്രി തുടങ്ങുന്നത് എന്ന് കുടുംബം പറഞ്ഞതോടെ മഹേന്ദ്ര നിരാശനായി. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലായിരുന്നു ജനറൽ സർജനായ മഹേന്ദ്ര ജോലി ചെയ്തിരുന്നത്.

രണ്ടുകോടിയോളം രൂപ ചെലവഴിച്ചാണ് ഇവരുടെ വിവാഹം നടത്തിയതെന്ന് ക്രിതികയുടെ സഹോദരീ ഭർത്താവ് മോഹൻ റെഡ്ഡി പൊലീസിനോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe