തിരുവനന്തപുരം: മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
അതേസമയം രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകളാണ് അർഹരായവർക്ക് ലഭ്യമാക്കിയത്. 28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഈ മാസമാണ് നിർവഹിച്ചത്.
അർഹതപ്പെട്ടവർക്ക് മുൻഗണന നൽകി റേഷൻ കാർഡ് വിതരണം ഊർജിതമാക്കിയതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങക്കാണ് വലിയ ആശ്വാസമായത്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും മുൻഗണനാ റേഷൻ കാർഡ് വിതരണം നിർണായക പങ്ക് വഹിച്ചു. വൃക്ക, കരൾ, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡ് നൽകുന്നുണ്ട്. കേരളത്തിലെ 142 ആദിവാസി ഉന്നതികളിൽ സർക്കാരിന്റെ സഞ്ചരിക്കുന്ന റേഷൻ കടകളുണ്ട്. കൂടാതെ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നു.
1,631 സപ്ലൈകോ വിൽപനശാലകളിലൂടെ സബ്സിഡി ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് എല്ലാ കാർഡ് ഉടമകൾക്കും ലഭ്യമാക്കുന്ന സാഹചര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.
