കൊല്ലം: റേഷൻകാർഡ് മുൻഗണന (ബി.പി.എൽ) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാൻ സമയപരിധി ഇനി ഒരാഴ്ച കൂടി മാത്രം. ഡിസംബർ 10 വരെയാണ് പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനാകുന്നത്.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നൽകുന്ന, പഞ്ചായത്ത് ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ കാർഡ് മുൻഗണനയിലേക്ക് മാറ്റാൻ കഴിയു. ഇതിനുള്ള അപേക്ഷ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിച്ച് അവരുടെ പരിശോധന ഉൾപ്പെടെ പൂർത്തി ആയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാകും നല്ലത്.
ജില്ലയിൽ നിലവിൽ 335902 കാർഡുകൾ ആണ് മുൻഗണന വിഭാഗമായ പി.എച്ച്.എച്ച് ആയുള്ളത്. 47678 കാർഡുകൾ എ.എ.വൈ വിഭാഗത്തിലുമുണ്ട്. പലകാരണങ്ങളാൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അവസരമാണ് ഇപ്പോഴുള്ളത്.
സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളിൽ കൃത്യമായി ഉറച്ചുനിന്നുവേണം ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത് എന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. കാർഡിൽ ഉൾപ്പെട്ടവർ ആർക്കെങ്കിലും യോഗ്യത മാനദണ്ഡത്തിൽ പറയുന്ന തരത്തിൽ ഉയർന്ന വരുമാനം ഉണ്ടായാലും അപേക്ഷ നിരസിക്കപ്പെടാം.
അനധികൃത റേഷൻ കാർഡ് കൈവശം വെക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. അനർഹമായി കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്.
മുൻഗണന കാർഡിന് ഇവർ അർഹരല്ല
കാർഡിലുള്ളവരിൽ ആർക്കെങ്കിലും ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവർ
നാല് ചക്ര വാഹനം ഉള്ളവർ
ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ
25000 രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവർ
ആദായനികുതി അടക്കുന്നവർ
സർക്കാർ/ അർധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവർ
ആവശ്യമായ രേഖകൾ