തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നേരിട്ടെത്തിയത്. ഗതാഗതം തടസപ്പെടുത്തി രാഷ്ടീയ പാർട്ടികളുടെ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായിരുന്നു.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്‍റെ തിരക്കിലായതിനാൽ ഒഴിവാക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നത്തേക്ക് മാറ്റിയത്. കേസിൽ എതിർകക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോടതി സഞ്ചാര സ്വാതന്ത്യം തടയുന്ന സംഭവങ്ങൾ അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാന പൊലീസ് മേഥാവിയോടും ആവശ്യപ്പെട്ടു. കോടതിലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന എം വി ഗോവിന്ദന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.