ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി; ‘കാരാട്ട് കുറീസ്’ ചിട്ടിക്കമ്പനി പൂട്ടി ഉടമകൾ മുങ്ങി: അന്വേഷണം

news image
Nov 20, 2024, 10:23 am GMT+0000 payyolionline.in

കോഴിക്കോട് : മുക്കത്ത് ചിട്ടി കമ്പനി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി. കാരാട്ട് കുറീസ് എന്ന സ്ഥാപനത്തിനെതിരെയാണ് ഇടപാടുകാർ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ സ്ഥാപനം അടച്ച് പൂട്ടിയ നിലയിലാണ്. എണ്ണൂറോളം ഇടപാടുകാരുളള ബ്രാഞ്ചാണ് പൂട്ടിയത്. നിലവില്‍ ഇരുപത് ഇടപാടുകാർ മുക്കം പൊലീസില്‍ പരാതി നല്‍കി. ഉടമകളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഉടമകള്‍ക്കെതിരെ ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. മുക്കത്ത് ചിട്ടിക്കമ്പനിയായ കാരാട്ട് കുറീസ് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി ഉയർന്നത്. പരാതികള്‍ക്ക് പിന്നാലെയാണ് മുക്കത്തെ ബ്രാ‍ഞ്ച് പൂട്ടിയത്. നിലവില്‍ ഇരുപത് പേരാണ് പൊലീസിനെ സമീപിച്ചതെങ്കിലും ഇനിയും കൂടുതല്‍ ഇടപാടുകാര്‍ പരാതി നല്‍കുമെന്നാണ് വിവരം.

മുക്കത്ത് 6 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ഇടപാടുകാരുള്ള കാരാട്ട് കുറീസ് എന്ന സ്ഥാപനത്തിനെതിരെയാണ് വ്യാപക പരാതി. മലപ്പുറം ആസ്ഥാനമായ ഈ സ്ഥാപനത്തിന് മറ്റിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. വന്‍ ചിട്ടി തട്ടിപ്പ് നടന്നെന്നാണ് നിക്ഷേപകരുടെ പരാതി. അടച്ച പണം കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും തിരിച്ച് കിട്ടാത്തവരുമുണ്ട്. ചെക്ക് നല്‍കി പറ്റിച്ചെന്നും പരാതിക്കാര്‍ പറയുന്നു. നിലവില്‍ ഇരുപത് പേരാണ് പരാതിയുമായി മുക്കം പൊലീസിനെ സമീപിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് വിവരം.

മുക്കം ബ്രാഞ്ചിലെ മാനേജരെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഒരു കേസുമായി ബന്ധപ്പെട്ട കോടതി സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് ബ്രാഞ്ചുകള്‍ അടച്ച് പൂട്ടാന്‍ ഉടമകളായ സന്തോഷ്, മുബഷീര്‍ എന്നിവര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നെന്നും അതിന് ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആണെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. ഉടമകള്‍ക്കെതിരെ മുക്കം ബ്രാഞ്ചിലെ ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി. നിലവില്‍ സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളും അടച്ചുപൂട്ടിയ നിലയിലാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ മുക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാപാരികളും ദിവസവേതനക്കാരുമാണ്  ഇടപാടുകാരില്‍ ഭൂരിഭാഗവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe