ലഹരിക്കെതിരെ മിനി മാരത്തോണുമായി ടീം വാക്കേഴ്സ് പയ്യോളി

news image
Jul 6, 2026, 9:04 am GMT+0000 payyolionline.in

പയ്യോളി: മയക്കുമരുന്നെന്ന മഹാവിപത്തിനെതിരെ ‘ഓരോ ചുവടും വെയ്ക്കാം’ എന്ന പ്രഖ്യാപനവുമായി പയ്യോളി ഹൈസ്‌കൂൾ മൈതാനിയിലെ പ്രഭാത സവാരി സൗഹൃദ കൂട്ടായ്മയായ ‘ടീം വാക്കേഴ്സ് പയ്യോളി’ മിനി മാരത്തോൺ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

 

കൂട്ടായ്മയുടെ പ്രസിഡന്റ് അജയ് ബിന്ദു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ നിയാസ് ബക്കർ സ്വാഗതം പറഞ്ഞു. പയ്യോളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബാബുമോൻ പി. മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുകയും ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

രാജൻ കൊളാവിപാലം, ജംഷീദലി, ബഷീർ മേലടി, ബിനു കാരോളി, ഫൈസൽ സൂപ്പർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ടീം സെക്രട്ടറി ഇ.കെ. അരവിന്ദൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

വലിയ പ്രചാരണങ്ങളൊന്നുമില്ലാതെ സംഘടിപ്പിച്ചിട്ടും മാരത്തോൺ വൻ വിജയമായി മാറി. ഇത്തരം സാമൂഹ്യ പരിപാടികൾ ഏറ്റെടുത്തു നടത്താൻ ഈ വിജയം കൂടുതൽ പ്രചോദനമേകുന്നുണ്ടെന്നും, വരും ദിവസങ്ങളിലും സമാനമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ടീഷർട്ടുകളും വാക്കേഴ്സ് ടീമിനുള്ള കുടകളും നൽകി ‘ഗ്ലോബൽ തിക്കോടി ഫോറം’ പ്രവർത്തകരും ചടങ്ങിൽ സജീവ സാന്നിധ്യമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe