കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് 2026-ൽ പെരുമ്പാവൂർ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ. ബലാത്സംഗ കേസിൽ എംഎഎൽഎ കുറ്റാരോപിതനാണ് എന്നതാണ് ഇതിന് കാരണമായി കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, തനിക്ക് സീറ്റ് നൽകാത്തതിൽ വലിയ പ്രതിഷേധത്തിലാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. തനിക്ക് മാത്രം സീറ്റ് നിഷേധിച്ചത് നീതിനിഷേധമാണെന്നും പെരുമ്പാവൂർ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭീഷണി.
കേസിൽ കുരുങ്ങിയ എംഎൽഎ
എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവർക്കെതിരെ കുറ്റപത്രത്തിൽ പറയുന്നത്.
പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തിൽ പറയുന്നു. അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത് എന്നാണ് പരാതി. 2022 ജൂലൈ 04-നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പിന്നീട് എംഎൽഎ ബലാത്സംഗം ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്. എംഎൽഎ ബലാത്സംഗം ചെയ്തത് അഞ്ച് വർഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തൻറെ നിരപരാധിത്വം കോൺഗ്രസ് നേതൃത്വത്തെ ബോധിപ്പിക്കാൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചിരുന്നു. എന്നിട്ടും എൽദോസിൻറെ കാര്യത്തിൽ അനുകൂല തീരുമാനം ഹൈക്കമാൻഡ് ഇതുവരെ കൈക്കൊണ്ടില്ല. തനിക്ക് മാത്രം സീറ്റ് നിഷേധിച്ചത് നീതിനിഷേധമാണെന്നും സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഇപ്പോഴത്തെ നിലപാട്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്. എൽദോസിനെതിരെ കോടതിയിൽ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അതും സ്ഥാനാർഥി പ്രഖ്യാപനത്തിൽ കല്ലുകടിയാവുന്നുണ്ട്.
എൽദോസ് കുന്നപ്പിള്ളി വിമതനായി മത്സരിക്കുമോ?
ദില്ലി ചർച്ചകളിൽ അനുകൂലമായ സമീപനം ഉണ്ടാവാത്തതിനെ തുടർന്നാണ് വിമതനായി മത്സരിക്കാനുള്ള നീക്കം എൽദോസ് കുന്നപ്പിള്ളി തുടങ്ങിയിരിക്കുന്നത്. വിമതനായി മത്സരിക്കാൻ രണ്ട് മണ്ഡലങ്ങളാണ് അദേഹത്തിന് മുന്നിലുള്ളത്. ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിൻറെ മണ്ഡലമായ പറവൂരും. ഇവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് നീക്കം. സീറ്റ് തടഞ്ഞത് വി ഡി സതീശനെന്നാണ് എൽദോസ് ക്യാംപിൻറെ ആരോപണം. പെരുമ്പാവൂരിൽ എൽദോസിന് വീണ്ടും സീറ്റ് നൽകാത്തതിൽ സിറോ മലബാർ സഭയുടെ സമ്മർദ്ദമുണ്ടെന്നും പറയപ്പെടുന്നു. യാക്കോബായ സഭാംഗമാണ് എൽദോസ് കുന്നപ്പിള്ളി.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയ്ക്ക് പകരം എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും യുഡിഎഫ് പരിഗണിക്കുന്നുണ്ട്. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരും പരിഗണനയിലുള്ള പേരുകളാണ്.
