കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാകും കസ്റ്റഡിയിൽ ആവശ്യപ്പെടുക. രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേശ്വർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സെറ്റിലുള്ള ചിലർക്ക് അറിയാമായിരുന്നുവെന്നും കാളിരാജ് മഹേശ്വർ പറഞ്ഞു. പ്രശസ്തിക്കുവേണ്ടി പലരും സമൂഹമാധ്യമങ്ങളിലൂടെ അതിജീവതയുടെ പേര് പരസ്യപ്പെടുത്തുന്നുണ്ട്. ഇതിൽ ശക്തമായ നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചതിൽ വിശദമായ അന്വേഷണം നടത്തുമെന്നും കാളിരാജ് മഹേശ്വർ പറഞ്ഞു.
സംഭവത്തിൽ നടൻ ബോബി കുര്യനെയും സഹസംവിധായക ശാലിനിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. അതിജീവിത പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ല. സംഭവത്തിനുശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ അതിജീവിത ഫോൺ എടുത്തില്ല എന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. കേസിൽ കാരവന് പുറത്തുള്ള സിസിടിവി കാമറയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല എന്നും സിസിടിവിക്ക് ബാക്കപ്പ് ഇല്ല എന്ന് കണ്ടെത്തിയതായും അശ്വതി ജിജി പറഞ്ഞു.
കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിക്കുകയും ഇന്ന് വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട് കാരവനും പിടിച്ചെടുത്തിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയിലാണ് എത്തിച്ചത്. പ്രൊഡ്യൂസർ വാടകയ്ക്ക് എടുത്ത കാരവനുകളായിരുന്നു ഇവ.
