വെള്ളിമാട്കുന്ന്: താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ട കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തിനെ പൊലീസ് തിരയുന്നു. മൂന്നാം സെമസ്റ്റർ വിദ്യാർഥിനി തൃശൂർ പാവറട്ടി ഊക്കൻസ്റോഡിൽ കൈതക്കൽ മൗസ മെഹറിസി (20)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് സ്വദേശിയായ ആൺസുഹൃത്തിനെ കേസന്വേഷിക്കുന്ന ചേവായൂർ പൊലീസ് തിരയുന്നത്. വിദ്യാർഥിനിയുടെ മറ്റു സുഹൃത്തുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ, ആൺസുഹൃത്ത് മാത്രം എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് മുങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്.
ഫോൺ സ്വിച്ച് ഓഫാണ്. ആൺസുഹൃത്തിനൊപ്പം പുറത്തുപോകാറുണ്ടായിരുന്നുവെന്നും ചില വേളകളിൽ ഇവർ തമ്മിൽ കലഹിക്കാറുണ്ടായിരുന്നുവെന്നും ചില വിദ്യാർഥികൾ മൊഴിനൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ വാപ്പോളിത്താഴത്തിനടുത്ത വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടത്.
തിങ്കളാഴ്ച രാവിലെ ക്ലാസിലിരുന്ന മൗസ മെഹറിസ് പിന്നീട് ക്ലാസിൽ നിന്നിറങ്ങുകയായിരുന്നു. ഉച്ചക്ക് രണ്ടോടെ കാമ്പസിൽ സംസാരിച്ചിരിക്കുന്നത് മറ്റു വിദ്യാർഥികൾ കണ്ടിരുന്നു. മൂന്നരയോടെ സമീപമുറിയിലെ വിദ്യാർഥിനി താമസസ്ഥലത്തെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.