ലോകം ഭാഗ്യവാനെന്നു വിളിച്ചു; പക്ഷേ, വിശ്വാസിന് ഉറങ്ങാൻ സാധിക്കുന്നില്ല; ഓർമയിൽ നടുക്കുന്ന കാഴ്ച!

news image
Jul 14, 2025, 7:21 am GMT+0000 payyolionline.in

വലിയൊരു ദുരന്തം മുന്നിൽ കണ്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല വിശ്വാസ് കുമാർ രമേഷിന്. ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് യാത്രപുറപ്പെട്ട വിമാനം കത്തിയമർന്നത്. വിശ്വാസ് ഒഴികെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും വെന്തുമരിച്ചു. ലോകം മുഴുവൻ ഭാഗ്യവാനെന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും കൺമുന്നിൽ വിമാനം കത്തിയമർന്നതിന്റെ നടുക്കുന്ന ഓർമ ഇപ്പോഴും വിശ്വാസിനെ വേട്ടയാടുകയാണ്.വിമാനം അപകടത്തിൽപ്പെട്ട കാഴ്ചയുണ്ടാക്കിയ ട്രോമയിൽ നിന്ന് വിശ്വാസ് കുമാർ ഇതുവരെ മുക്തനായിട്ടില്ല. അദ്ദേഹം ഇപ്പോൾ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടുകയാണെന്നാണ് റിപ്പോർട്ട്. ബ്രിട്ടിഷ് പൗരത്വമള്ള ഇന്ത്യൻ വംശജനായ വിശ്വാസിനൊപ്പം അന്നത്തെ യാത്രയിൽ സഹോദരൻ അജയ്‌യും ഉണ്ടായിരുന്നു. അപകടത്തിൽ അജയ് മരിച്ചു.

വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകളും സഹോദരന്റെ മരണവും വിശ്വാസിന്റെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു സണ്ണി പറഞ്ഞു.
‘ വിദേശത്തുള്ള ഞങ്ങളുടെ ബന്ധുക്കളടക്കം നിരവധി പേർ വിശ്വാസിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. പക്ഷേ, അദ്ദേഹം ആരോടും സംസാരിക്കാറില്ല. അപകടമുണ്ടാക്കിയ മാനസിക ആഘാതവും സഹോദരന്റെ മരണവും അദ്ദേഹത്തിന്റെ മനോനിലയെ ബാധിച്ചു. അദ്ദേഹത്തിന് ഉറക്കം കുറവാണ്. പാതിരാത്രിയൊക്കെ ഞെട്ടി ഉണരും. പിന്നീട് ഉറങ്ങാൻ വളരെ പ്രയാസമാണ്. രണ്ടുദിവസം മുൻപ് ഞങ്ങൾ അദ്ദേഹത്തെ ഡോക്ടറെ കാണിച്ചു. ഇപ്പോൾ ചികിത്സയിലാണ്. ഇതുവരെ ലണ്ടനിലേക്കു പോകുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല.’– സണ്ണി വ്യക്തമാക്കി.അപകടത്തില്‍ പരുക്കേറ്റ വിശ്വാസ് ജൂൺ 17നാണ് ആശുപത്രി വിട്ടത്. അന്നേദിവസം തന്നെയാണ് ഡിഎൻഎ പരിശോധനയിലൂടെ വിശ്വാസിന്റെ സഹോദരൻ അജയ്‌യുടെ മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. അജയ്‌യുടെ സംസ്കാര ചടങ്ങിൽ വിശ്വാസ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇന്ത്യയിലുള്ള ബന്ധുക്കളെ സന്ദർശിച്ച ശേഷം വിശ്വാസും അജയ്‌യും ലണ്ടനിലേക്കു തിരികെ പോകുമ്പോഴായിരുന്നു അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe