ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പരിശോധനക്കായി ലോകബാങ്ക് സംഘം കേരളത്തിലേക്ക്

news image
Apr 26, 2025, 8:01 am GMT+0000 payyolionline.in

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സര്‍ക്കാര്‍ .   കേര പദ്ധതിക്ക് അനുവദിച്ച 140 കോടിയാണ് സാന്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി മാറ്റിയത് . അനുവദിച്ച് ഒരാഴ്ചയ്ക്കകം പണം പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റണമെന്ന കരാര്‍ വ്യവസ്ഥ ലംഘിച്ച സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് ലോക് ബാങ്ക് വിലയിരുത്തൽ.

കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളും  ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രൊജക്റ്റ് അഥവ കേര.  2366 കോടി രൂപയുടെ പദ്ധതി. ഇതിൽ  1656 കോടി ലോക ബാങ്ക് സഹായവും  710 കോടി സംസ്ഥാന വിഹിതവുമാണ്  . 2023 ൽ ചർച്ച തുടങ്ങിയ പദ്ധതി ലോക ബാങ്ക് അംഗീകരിക്കുന്നത് 2024 ഒക്ടോബർ 31 നാണ്. ലോകബാങ്ക് സഹായത്തിലെ ആദ്യ ഗഡു 139.66 കോടി കേന്ദ്രം കൈമാറിയത് മാര്‍ച്ച് 17ന് . ഒരാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നാണ് കരാര്‍ വ്യവസ്ഥയെങ്കിലും അഞ്ചാഴ്ച കഴിഞ്ഞിട്ടും പണം കേര പദ്ധതിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടില്ല. സാന്പത്തിക വര്‍ഷാവസനത്തെ ചെലവുകള്‍ക്കായാണ് പണം ധനവകുപ്പ്  പിടിച്ചു വച്ചത് .

 

അടുത്ത മാസം  അഞ്ചിന് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം സംഘം കരാർ വ്യവസ്ഥകളുടെ ലംഘനം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് വിവരം. ഫെബ്രുവരി മൂന്നിനാണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഈ മാസം അവസാനം ഉത്ഘാടനം ചെയ്യാനാണ് തീരുമാനം. അഞ്ച് വർഷമാണ്  പദ്ധതിയുടെ  കാലാവധി. നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും സഹയം ലക്ഷ്യമിടുന്ന പദ്ധതിയാണ് ലോകബാങ്ക് സഹായം വക മാറ്റിയതിന്‍റെ പേരിൽ പ്രതിസന്ധിയിലായത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe