ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികക്കായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച് കോൺഗ്രസ്. പൊതുജനങ്ങളുടെ നിർദേശങ്ങൾ അറിയാൻ വെബ്സൈറ്റും ഇമെയിൽ ഐഡിയും ആരംഭിച്ചു. awaazbharatki.in എന്ന വെബ്സൈറ്റിലോ [email protected] എന്ന ഇ-മെയിലിലോ നിർദേശങ്ങൾ അറിയിക്കാൻ കഴിയും.
പ്രകടന പത്രികക്കായി പാർട്ടി കൂടിയാലോചനകൾ നടത്തുകയും പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടുകയും ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് പ്രകടന പത്രിക കമ്മിറ്റിയുടെ തലവനായ പി. ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതൊരു ജനകീയ പ്രകടനപത്രികയായിരിക്കും. അതിനാൽ ഞങ്ങൾക്ക് ലഭ്യമായ ഏതാനും ആഴ്ചകൾക്കുള്ളിൽ കഴിയുന്നത്ര നിർദ്ദേശങ്ങൾ ശേഖരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിലെ ജനങ്ങളെ പ്രകടന പത്രിക തയ്യാറാക്കുന്നതിൽ പങ്കാളികളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”-ചിദംബരം പറഞ്ഞു.
എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ അവരുടെ നിർദ്ദേശങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ സംസ്ഥാങ്ങളിലും ഒരു കൂടിയാലോചനയെങ്കിലും നടത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടിയാലോചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും സഹകരിക്കാമെന്നും എന്നാൽ പ്രകടനപത്രികയിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് പാർട്ടി മേധാവി തീരുമാനമെടുക്കുമെന്നും ചിദംബരം വ്യക്തമാക്കി.