കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. തളിപ്പറമ്പ് കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാരനായ ശ്രീജിത്ത് (48) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പാപ്പിനിശ്ശേരി ചുങ്കം ദേശീയപാതയിൽ വെച്ചായിരുന്നു അപകടം. ശ്രീജിത്ത് സഞ്ചരിച്ച ബൈക്കിന് സമീപത്തുകൂടി പോവുകയായിരുന്ന മിനിലോറിയുടെ പിൻവശത്തെ ഡോർ തുറന്നുപോകുകയും ഉള്ളിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പുറത്തേക്ക് തെറിച്ച് ശ്രീജിത്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. റോഡിൽ വീണയുടൻ സിലിണ്ടർ ശക്തിയായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ.
അപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മിനിലോറി വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
