ദില്ലി: രാജ്യത്ത് ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നിയമ നിർമ്മാണം ഉടനെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ ആക്ടിനായുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതടക്കം നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർബിഐയുമായി ചേർന്ന് ഫിനാൻഷ്യൽ ആപ്പുകളുടെ വൈറ്റ് ലിസ്റ്റ് തയ്യാറാക്കും. നിലവിലെ ഐടി നിയമത്തിൽ ക്രിമിനൽ ആപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ, സൈബർ കുറ്റകൃത്യങ്ങൾ പൊലീസ് ഗൗരവമായെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം, കൊച്ചി കടമക്കുടിയിൽ ഓൺലൈൻ വായ്പ്പാ തട്ടിപ്പില്‍ കുടുങ്ങി മക്കളെക്കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ശേഷവും കുടുംബത്തെ ഓൺലൈൻ ലോൺ ആപ്പുകാർ വേട്ടയാടുകയാണ്. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശിൽപ്പയുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോകൾ അയച്ചാണ് ഇപ്പോഴും ഭീഷണി തുടരുന്നത്.
ചൊവ്വാഴ്ച പുലർച്ചെയാണ് 6 ഉം 8 ഉം വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തി നിജോയും ഭാര്യ ശിൽപ്പയും ആത്മഹത്യ ചെയ്തത്. ഓൺലൈൻ ആപ്പ് വഴിയെടുത്ത ലോൺ അടവ് മുടങ്ങിയപ്പോഴുള്ള ഭീഷണിയാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ മരണ ശേഷവും അപ്പിൽ നിന്നുള്ള ഭീഷണിയും സന്ദേശവും തുടരുകയാണെന്നാണ് നിജോയുടെ സഹോദരൻ പറയുന്നത്. ആത്മഹത്യചെയ്ത ശിൽപ്പയുടെ മോർഫ് ചെയ്തുണ്ടാക്കിയ അശ്ലീല ഫോട്ടോ അയച്ചെന്നാണ് പരാതി. നിലവിൽ കർത്ത ലോൺ, ഹാപ്പി വാലറ്റ് എന്നടക്കം പല പേരുകളിലുള്ള ഓൺലൈൻ ആപ്പിൽ നിന്നാണ് ഭീഷണി സന്ദേശമെത്തുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ശിൽപയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ആപ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. ഒപ്പം ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇതിനിടെ വീടിന് സമീപത്തെ ഒരു ബാങ്കിലും ഇവര്‍ക്ക് കടബാധ്യത ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവും പൊലീസിന് കിട്ടി. ഇതിനിടെ, നിജോയുടെ കൂടുതല്‍ സാമ്പത്തിക ബാധ്യതയുടെ വിവരങ്ങള്‍ പൊലീസിന് കിട്ടി. ലോൺ തിരിച്ചടക്കണമെന്നാവശ്യപെട്ട് കേരള ഗ്രാമീണ ബാങ്ക് നിജോക്കയച്ച നോട്ടീസ് വീട്ടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മൂന്ന് ലക്ഷത്തോളം രൂപയാണ് ഈ ബാങ്കില്‍ തിരിച്ചടക്കാനുള്ളത്. വരാപ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എസ് എച്ച് ഒ അസാമിലായതിനാല്‍ വടക്കേക്കര എസ് എച്ച് ഒക്കാണ് ഇപ്പോള്‍ ഈ കേസ് അന്വേഷണത്തിന്‍റെ ചുമതല.