വടകര: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായ വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിന്റെ കരളലിയിക്കുന്ന വാട്സ്ആപ്പ് സന്ദേശം പുറത്ത്. വീടുവിട്ടിറങ്ങുന്നതിന് മുൻപ് സഹോദരങ്ങൾക്കയച്ച സന്ദേശത്തിലാണ് താൻ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിഷ്ണു വിവരിക്കുന്നത്.
ലോൺ ആപ്പുകാർ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും ഇത് തന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്നും വിഷ്ണു പറയുന്നു. “ഫോട്ടോകൾ പലർക്കും അയച്ചുകൊണ്ടിരിക്കുകയാണ്. വല്ലാത്ത ഭയമുണ്ട്. മടികൊണ്ടല്ല, ഈ ആഘാതം കാരണം ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല” – സന്ദേശത്തിൽ പറയുന്നു. അമ്മയെ പേടിപ്പിക്കരുതെന്നും അവസ്ഥ മെച്ചപ്പെട്ടാൽ മടങ്ങിവരുമെന്നും വിഷ്ണു കുറിച്ചിട്ടുണ്ട്.
അന്വേഷണം കാസർകോട് കേന്ദ്രീകരിച്ച്
വിഷ്ണുവിനെ കാണാതായിട്ട് ഇന്ന് ഏഴ് ദിവസം പിന്നിടുകയാണ്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ വിഷ്ണുവിനെ പിന്നീട് കണ്ടെത്താനായില്ല. അവസാനമായി ലഭിച്ച ടവർ ലൊക്കേഷൻ കാസർകോട് ഭാഗത്തായതിനാൽ അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന തുടരുന്നു.
വെറും 10,000 രൂപയാണ് വിഷ്ണു ലോൺ ആപ്പിൽ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായി ഭീഷണി. കാണാതാകുന്നതിന് തൊട്ടുമുൻപ് വന്ന ഒരു ഫോൺ കോൾ വിഷ്ണുവിനെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. കുടുംബം സൈബർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മാഫിയാ സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
