വടകര : ലോൺ ആപ്പ് വഴി ഒഞ്ചിയം സ്വദേശിയുടെ പണം തട്ടിയ കേസിൽ ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ടുപേരെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് നെല്ലൂർ ജില്ലയിൽ കവാലി സ്വദേശികളായ മേഘ ഗിരീഷ് (22), അമീർ സുഹൈൽ ഷെയ്ക്ക് (28) എന്നിവരെയാണ് ചോമ്പാല പൊലീസ് സംഘം നെല്ലൂർ ജില്ലയിലെ കവാലി വൺ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് പിടികൂടിയത്.
2024 ജൂണിൽ സമൂഹമാധ്യമത്തിൽ കണ്ട ലോൺ ആപ്പ് വഴി ഓൺലൈൻ ലോണെടുക്കാൻ ശ്രമിച്ച ഒഞ്ചിയം സ്വദേശിയായ യുവാവിന്റെ 1,11,000 രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത സംഭവത്തിൽ ചോമ്പാല പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായവർ മറ്റ് ഓൺലൈൻ തട്ടിപ്പ് കേസുകളിലും പ്രതിയാണ്.
പൊലീസ് അന്വേഷണത്തിൽ കേസിലെ പണമുൾപ്പെടെ മേഘ ഗിരീഷിന്റെ പേരിലുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് കവാലി ബ്രാഞ്ച് അക്കൗണ്ടിലെത്തിയതായും പ്രതികൾ 14 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തി. പിടിയിലായ പ്രതികൾ വിജയവാഡ സ്വദേശി അമീർ ഖാന്റെ മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
കേസിൽ മറ്റൊരു പ്രതിയെ നേരത്തേ ചോമ്പാല പൊലീസ് എറണാകുളത്തുവെച്ച് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശി ആഷിഖിനെയാണ് (38) നേരത്തേ അറസ്റ്റ് ചെയ്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെ പൊലീസ് പിടികൂടിയത്.