വകുപ്പ് വിഭജനത്തിൽ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ; മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല

news image
May 19, 2026, 4:06 am GMT+0000 payyolionline.in

വകുപ്പ് വിഭജനത്തിൽ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശൻ. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോൺഗ്രസിലെ സീനിയർ മന്ത്രിമാരുടെ വകുപ്പുകളിൽ തീർപ്പാകാത്തതിന് പുറമേ മുസ്ലീം ലീഗുമായും തർക്കമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്തലീഗ് പകരം ഫിഷറീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഫിഷറീസ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ല. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഗ്യാരന്റികൾക്കും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും വേണ്ട അധിക പണം കണ്ടെത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിലുളള വെല്ലുവിളിയാണ്.

അതേസമയം, രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ജൂൺ 15ന് തുടങ്ങും. സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്‌കൂൾ പാചക തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ, പ്രീപ്രൈമറി സ്‌കൂൾ ജീവനക്കാർ എന്നിവരുടെ വേതനം 1000 രൂപയായി വർധിപ്പിക്കാനും ആദ്യമന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

വയോജന വകുപ്പ് രൂപീകരണത്തിന് മുന്നോടിയായി പഠനം നടത്തും. ഏറ്റവും മാതൃകാപരമായ രീതിയിൽ വയോജന ക്ഷേമം നടപ്പിലാക്കാനാണ് പദ്ധതി.
ആശാവർക്കർമാരുടെ ഓണററേറിയം 3000 രൂപ വർധിപ്പിച്ച് 12000 രൂപയാക്കി. അടിസ്ഥാന വിഭാഗഭങ്ങളിൽപ്പെട്ട മറ്റ് മേഖലകളിലും വേതന പരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി ജെയ്ജി ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി.ആസിഫലിയേയും നിയമിച്ചു ലോകായുക്ത, വിവരാവകാശ കമ്മീഷൻ നിയമനം സംബന്ധിച്ച് സർക്കാർ നിലപാട് അറിയിക്കുന്നത് വരെ തീരുമാനം എടുക്കരുതെന്ന് ഗവർണറെ അറിയിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. മെയ് 21ന് പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ഇതിനായി സഭ ചേരാൻ ഗവർണറോട് ശിപാർശ ചെയ്തു.22ന് സ്പീക്കർ തിരഞ്ഞെടുപ്പും 29ന് ഗവർണറുടെ നയപ്രഖ്യാപനവും നടക്കും. പുതുക്കിയ ബജറ്റ് അവതരണ തീയതി നിശ്ചയിച്ചിട്ടില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe