ദില്ലി: വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച അധ്യക്ഷൻ മുഹമ്മദ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്കർ അലി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടിന് നേരെ ആക്രമണമുണ്ടായത്. മണിപ്പൂരിലെ ന്യൂനപക്ഷ മേഖലയാണ് ലില്ലോങ്ങ്. ഇവിടെയുള്ള വീടിന് നേരെയാണ് കല്ലേറുണ്ടായതും പിന്നീട് വീട് കത്തിച്ചതും. സംഭവത്തിൽ പൊലീല് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തിന് യുപി പൊലീസ് വീട്ടുതടങ്കലിൽ ആക്കിയെന്ന് സമാജ് വാദി പാർട്ടി നേതാവ് പറഞ്ഞു. എസ് പി വക്താവ് സുമയ്യ റാണയുടേതാണ് ആരോപണം. ഇതു സംബന്ധിച്ച് പൊലീസ് നോട്ടീസ് നൽകിയെന്നും കോടതിയെ സമീപിക്കുമെന്നും സുമയ്യ റാണാ പ്രതികരിച്ചു.
അതിനിടെ, വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് നോട്ടീസ്. യുപി മുസാഫർ നഗറിൽ 300 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് ആണ് നോട്ടീസ് നൽകിയത്. പള്ളിയിലെ പ്രാർത്ഥനാ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിന് എത്തിയവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചവർ ഈമാസം 16ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. 2 ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും അടുത്ത വർഷത്തിൽ സംഘർഷങ്ങളിൽ പങ്കെടുക്കരുതെന്നുമാണ് കോടതി പറയുന്നത്. ബില്ലിനെതിരെ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിമർശനം ശക്തമാവുന്നതിനിടെ രാഷ്ട്രപതി ബില്ലി ഒപ്പുവെക്കുകയായിരുന്നു.