ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു. മേയ് 15ന് എല്ലാ ഹരജികളും പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവിറക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ബെഞ്ച് ഹരജികൾ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.
മേയ് 14ന് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റതിന് പിന്നാലെ വഖഫ് ഹരജികൾ സുപ്രീംകോടതി പരിഗണിക്കും. മേയ് 13നാണ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് അടുത്ത ചീഫ് ജസ്റ്റിസ്.
വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യുകയോ കേന്ദ്ര വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനങ്ങൾ നടത്തുകയോ ചെയ്യില്ലെന്നും ഏപ്രിൽ 17ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നൽകുന്നു.
ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്, എ.പി.സി.ആര്, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന് സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്കിയ ഹരജികളാണ് പരിഗണിക്കുക. തൃണമൂൽ കോൺഗ്രസും കഴിഞ്ഞ ദിവസം വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹരജി സമർപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഹരജി നൽകിയത്. നിയമം പാർലമെന്ററി നടപടികളുടെ ലംഘനമാണെന്നും ജെ.പി.സി ചെയർമാൻ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.