വടകര: അറക്കിലാട് പരദേവതാ ക്ഷേത്ര പരിസരത്ത് പേരാലുകളും തെങ്ങുകളും പ്ലാവും മുറിഞ്ഞു വീണ് സമീപത്തെ വീട് തകർന്നു. കോലായിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കുഴിയുള്ള പറമ്പത്ത് മനോജന്റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മനോജൻ ഓടി രക്ഷപ്പെട്ടു. ക്ഷേത്ര വളപ്പിലെ ഒരു പേരാലിന്റെ വലിയ ചില്ല കനം താങ്ങാൻ പറ്റാതെ മറ്റൊരു പേരാലിൽ മുറിഞ്ഞു വിഴുകയായിരുന്നു. 2 ചില്ലകൾ 2 തെങ്ങിനും പ്ലാവിനും മുകളിൽ പതിച്ചു. ഇവയെല്ലാം വീടിന്റെ മേൽക്കൂരയിലേക്ക് മറിഞ്ഞു വീണു.
2 ലക്ഷം രൂപയോളം ചെലവിട്ട് ഒരു വർഷം മുൻപ് മേൽക്കൂര പുതുക്കിപ്പണിതതായിരുന്നു. ഓടുകളും ഇരുമ്പു കൊണ്ട് പണിത കഴുക്കോലുകളും വീട്ടു സാധനങ്ങളും മറ്റും നശിച്ചു. മുറിഞ്ഞു വീഴുന്നതിന് തൊട്ടു മുൻപ് കുറേ സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഇതു വഴി പോയിരുന്നു. അവശേഷിക്കുന്ന പേരാലുകളും ചില്ലകൾ മുറിഞ്ഞു വീഴാൻ പാകത്തിലാണ്. ഇവ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വൻ നീളവും തടിയുമുള്ള പേരാലുകൾ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റി. റവന്യു അധികൃതരും നഗരസഭ ജീവനക്കാരും കൗൺസിലർമാരായ എൻ.പി.ബാലകൃഷ്ണൻ, നിഷ മിനീഷ്, കെ.നളിനാക്ഷൻ എന്നിവരും സ്ഥലത്തെത്തി.