വടകര എം.ഡി.എം.എ കേസ്: അധ്യാപികയായ കാവ്യക്കും ഉപാധികളോടെ ജാമ്യം

news image
Sep 23, 2026, 10:16 am GMT+0000 payyolionline.in

അധ്യാപികമാർ ഉൾപ്പെട്ട വടകര ലഹരിക്കടത്ത് കേസിൽ മൂന്നാം പ്രതിയായ കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജസ്റ്റിസ് ജാമ്യം അനുവദിച്ചത്. കേസിൽ നേരത്തെ മറ്റൊരു പ്രതിയായ കീർത്തനക്കും ജാമ്യം ലഭിച്ചിരുന്നു.

പിടിച്ചെടുത്ത എം.ഡി.എം.എ വാണിജ്യ അളവിൽ ഇല്ലാത്തതിനാൽ എൻ.ഡി.പി.എസ് ആക്ടിലെ കടുത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നും, ഇനിയുള്ള ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്നും വിലയിരുത്തിയാണ് കോടതി നടപടി. കഴിഞ്ഞ ജൂലൈ 25-നാണ് കാവ്യ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ലഹരി വിൽപനയിലെ സാമ്പത്തിക ഇടപാടുകളിൽ കാവ്യക്ക് വ്യക്തമായ പങ്കുണ്ടെന്നും ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാടുകളിൽ പ്രധാനിയായിരുന്നു എന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

പേരാമ്പ്ര ബി.ആർ.സി.യിലെ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായിരുന്ന കീർത്തന, കാവ്യ, നീഷ്മ എന്നിവർ സോഷ്യൽ മീഡിയ വഴിയാണ് ലഹരി വിൽപന നടത്തിയത്. ആറുമാസത്തിനിടെ കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും, വയനാട് സ്വദേശിയായ മുഖ്യപ്രതി ഷിന്റോയിലേക്ക് അധ്യാപികമാർ വഴി പണം എത്തിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ നാലാം പ്രതി നീഷ്മ, അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷ കോടതി വരുംദിവസങ്ങളിൽ പരിഗണിക്കും. കേസിൽ പ്രതികളായതിനെ തുടർന്ന് അധ്യാപികമാരെ മൂവരെയും സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe