വടകര : പുത്തൂരിലെ റിട്ട. പോസ്റ്റ്മാൻ പാറേമ്മൽ രവീന്ദ്രനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ 4 പേർ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58), വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് (42), പട്ടർ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയിൽ മനോജൻ എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ സി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് രാത്രി 11 മണിക്ക് നടന്ന അക്രമത്തിന് ക്വട്ടേഷൻ നൽകിയെന്ന കുറ്റമാണ് മനോഹരന്റെ പേരിലുള്ളത്. അക്രമികളെ ജീപ്പിൽ എത്തിച്ച ഡ്രൈവറാണ് രഞ്ജിത്ത്. അക്രമത്തിൽ രവീന്ദ്രന്റെ കാലിന് മുറിവും പൊട്ടലുമുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തടയാൻ ചെന്ന മകൻ ആകാശിനും പരുക്കേറ്റിരുന്നു. രവീന്ദ്രന്റെ വീടിനോട് ചേർന്നുള്ള കെട്ടിടം വിലയ്ക്ക് വാങ്ങിയ മനോഹരനും തമ്മിൽ സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. രാത്രി ജീപ്പിലെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഐ പവനൻ, എഎസ്ഐമാരായ ഇ.രാജേഷ്, ഇ.ഗണേഷൻ, എസ്സിപിഒമാരായ സി.കെ.റിനീഷ് കൃഷ്ണ, കെ.സൂരജ്, സി.എം.സജീവൻ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.