വടകര ∙ ലിങ്ക് റോഡിൽ ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്നു. ഇവിടെ റോഡിന്റെ ഒരു ഭാഗം കയ്യടക്കുന്ന സ്വകാര്യ ബസുകളും ഇരു വശത്തുമുള്ള അനധികൃത വാഹന പാർക്കിങ്ങും കാരണമാണ് കുരുക്ക് പതിവാകുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പലപ്പോഴും വാഹനക്കുരുക്കിലാണ് റോഡ്.പഴയ സ്റ്റാൻഡിൽ പയ്യോളി ഭാഗത്തേക്കുള്ള ബസുകൾ ലിങ്ക് റോഡിന്റെ ഒരു വശത്ത് നിർത്തി ആളെ കയറ്റാൻ ആർടിഎ കമ്മിറ്റി എടുത്ത തീരുമാനമാണ് കുരുക്കിന്റെ പ്രധാന കാരണം. ഒരു വരിയിൽ നിർത്താനാണ് അനുമതിയെങ്കിലും റോഡിന്റെ സിംഹഭാഗവും കയ്യടക്കി 3 വരിയിൽ വരെ ബസുകളുണ്ടാകും. ഈ സമയം അവശേഷിക്കുന്ന ഭാഗത്തു കൂടെ മറ്റു വാഹനത്തിന് പോകാൻ കഴിയുന്നില്ല.റോഡിന്റെ എതിർ ഭാഗത്ത് പതിവായി അനധികൃതമായി പല വാഹനങ്ങളും നിർത്തിയിടുന്നു.ഇതും കുടിയാകുമ്പോൾ കുരുക്ക് ഏറും.
പതിവായി പൊലീസ്, ഹോം ഗാർഡ് സേവനം ഇവിടെയില്ല. കുരുക്ക് ഏറെ രൂക്ഷമായെന്ന വിവരം കിട്ടിയാൽ മാത്രമേ ട്രാഫിക് ഉദ്യോഗസ്ഥർ എത്തുകയുള്ളൂ. റോഡിൽ പാർക്ക് ചെയ്യുന്ന ബസുകളെ പഴയ സ്റ്റാൻഡിലേക്ക് തിരിച്ചു കൊണ്ടു പോകാൻ നഗരസഭ – പൊലീസ് – മോട്ടർ വാഹന വകുപ്പ് എന്നിവർ അടങ്ങിയ കമ്മിറ്റി താൽപര്യമെടുക്കുന്നില്ല.