വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മറ്റൊരു യുവതിയും നിരീക്ഷണത്തിൽ, മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

news image
Jul 29, 2026, 4:29 am GMT+0000 payyolionline.in

വടകര: വടകര ലഹരി കേസിൽ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജിൽ കുര്യാക്കോസിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.

പ്രതികളുടെ ബാങ്ക് വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ മറ്റൊരു യുവതി കൂടി നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ബംഗളൂരുവിലാണ് നിലവിൽ ഇവർ ഉള്ളത്.

വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. റിമാൻഡിൽ കഴിയുന്ന കാവ്യ, കീർത്തന എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഇരുവരേയും വിശദമായി ചോദ്യം ചെയ്താൽ കേസിലെ മുഖ്യകണ്ണികളിലേക്ക് എത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ അധ്യാപിക നീഷ്മയെയും ഓൺലൈൻ ഡെലിവറി ബോയ് ജിജിലിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമർപ്പിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

അതേസമയം കാവ്യയുടെ വിദേശയാത്രയിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ബിആർസി ജീവനക്കാരി ആയിരിക്കെ അനുമതി ഇല്ലാതെയാണ് കാവ്യ യാത്ര പോയത് എന്നാണ് ആരോപണം. കാവ്യയ്ക്ക് അനധികൃതമായാണ് ലീവ് അനുവദിച്ചതെന്നും പേരാമ്പ്രയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe