വടകര: കെ.എസ്.യു വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാർത്തിക്കിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച നിലയിൽ കണ്ടെത്തി. ചോറോട് ഈസ്റ്റ് കുരിക്കിലാട് മമ്പരഞ്ഞോളി ക്ഷേത്രത്തിന് സമീപത്തെ വീടിന്റെ വരാന്തയിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. കോൺഗ്രസ് നേതാവും ചോറോട് ഗ്രാമപഞ്ചായത്ത് അംഗവുമായ രാജേഷ് ചോറോടിന്റെ മകനാണ് കാർത്തിക്.
കാർത്തിക്കിനും പിതാവ് രാജേഷിനും ‘ഹൃദയംഗമമായ അനുശോചനം’ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയ കുറിപ്പോടെയാണ് റീത്ത് വച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കെ.കെ. രമ എംഎൽഎ, കോൺഗ്രസ് നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ, കുരിയാടി സതീശൻ, ആർഎംപിഐ നേതാവ് എൻ. വേണു തുടങ്ങിയവർ വീട് സന്ദർശിച്ചു. രാഷ്ട്രീയ എതിരാളികളുടെ ഭീഷണിയാണോ ഇതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
