വടകര: ദേശീയ പാതയിൽ കെടി ബസാറിനു സമീപം ടാങ്കറിന്റെ ടാങ്ക് പൊട്ടി റബർ പാൽ റോഡിൽ ഒഴുകി. അമോണിയ ചേർത്ത് പാലുമായി കോഴിക്കോട്ടേക്ക് പോകുമ്പോൾ ഇന്നലെ രാവിലെ 7 മണിക്കാണ് സംഭവം. ആസിഡുമായി കലർന്ന റബർ പാൽ മിശ്രിതം ശ്വസിക്കുന്നത് കണ്ണിനു തകരാറിനും ശ്വാസം മുട്ടലിനും കാരണമാകുമെന്നതു കൊണ്ട് അഗ്നിരക്ഷാ സേന പെട്ടെന്ന് എത്തി ചോർച്ച നിയന്ത്രിച്ചു. റോഡിൽ ഒഴുകിയ പാൽ വെള്ളം കലർത്തി ഒഴുക്കി.
പഴകിയ ടാങ്ക് ദുർബലമായിരുന്നു. ഇതിന്റെ ഒരു ഭാഗമാണ് പൊട്ടിയത്. ഇത് അഗ്നി രക്ഷാ സേന അടച്ചു. സ്റ്റേഷൻ ഓഫിസർ വാസഫ് ചേറ്റൻകണ്ടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ ഒ.അനീഷ്, റിജീഷ് കുമാർ, ടി.പി.ഷിജു, പി.എം.ബബീഷ്, വി.കെ.ലികേഷ്, അമൽ രാജ്, ജയകൃഷ്ണൻ, കെ.സന്തോഷ്, കെ.സുബൈർ എന്നിവർ ചേർന്നാണ് ചോർച്ച നിയന്ത്രിച്ചത്.