വടകര: കടത്തനാട് ലേബർ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് പൊലീസ് അന്വേഷിക്കും. കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. രണ്ടുവർഷമായി നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്നാണ് ആരോപണം. തുക തിരികെ ആവശ്യപ്പെട്ടപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് മടക്കിയെന്നും നിക്ഷേപകർ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരിൽ ഹൃദ്രോഗികളുൾപ്പെടെ ഉണ്ട്. മണിയൂർ എളമ്പിലാട്ട് സ്വദേശികളായ അഞ്ച് നിക്ഷേപകരാണ് പരാതി നൽകിയത്. ഇതിൽ മൂന്നുപേർ ഹൃദ്രോഗികളാണ്. 85 ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ വടകരയിൽ നിക്ഷേപത്തട്ടിപ്പിനിരയായി നിക്ഷേപകൻ ജീവനൊടുക്കിയതിൽ കടത്തനാട് ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കും. മരണത്തിന് ഉത്തരവാദി സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാറും പ്രസിഡന്റ് ബഷീറുമാണെന്ന മരിച്ച ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ സുധീർ കുമാർ ഒളിവിലാണ്. കടത്തനാട് ലേബർ സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വയോധികൻ മരിച്ച സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുട്ടിയ്ക്ക് പണം നൽകാൻ സാധിച്ചിട്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് പറഞ്ഞു. ഇബ്രാഹിം പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും പലിശ മാത്രമാണ് കൊടുക്കാൻ കഴിഞ്ഞതെന്നും ബഷീർ അഹമ്മദ് സമ്മതിച്ചു. സൊസൈറ്റി ഒരുകോടി, 69 ലക്ഷത്തിന്റെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൊടുക്കാൻ കഴിയാത്തതെന്നും ബഷീർ പറഞ്ഞു. ഒന്നു രണ്ട് മാസം കൊണ്ട് പണം തരാം എന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും ബഷീർ കൂട്ടിച്ചേർത്തു.
മെയ് 29-നാണ് വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികൻ ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി(71)യാണ് ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 75 ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
