വടകര: കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു. 66 കാരനായ വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരേറാം ബസാണ് ഇടിച്ചത്.
ശനിയാഴ്ച രാവിലെയാണ് ഇന്ത്യന്‍ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന ഏറാംവെള്ളി നാരായണനെ ബസ് ഇടിച്ചത്. വടകര കുട്ടോത്തെ വീട്ടിന് മുന്നില്‍ നിന്നും വടകരയിലേക്ക് പോകാന്‍ ബസ് കാത്ത് നിന്ന നാരായണനെ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിര്‍ത്തിയ കാറിന് മുകളിലേക്ക് ഇദ്ദേഹം തെറിച്ച് വീണു.
ബസ് ഇടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ നാട്ടുകാര്‍ വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.