വണ്ടിപ്പെരിയാർ കേസ്: പ്രതിയുടെ രാഷ്ട്രീയം സ്വാധീനിക്കില്ല; കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

news image
Feb 1, 2024, 9:22 am GMT+0000 payyolionline.in

തിരുവനന്തപുരം > വണ്ടിപ്പെരിയാർ കേസിൽ സർക്കാർ കുട്ടിക്കും കുടുംബത്തിനുമൊപ്പമാണെന്നും പ്രതിയുടെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായമോ പ്രതിയുടെ അച്ഛൻറെ രാഷ്ട്രീയ നിലപാടോ ഒന്നും ഗവൺമെൻറിനെ സ്വാധീനിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വണ്ടിപ്പെരിയാറിൽ സംഭവിച്ചത് തീർത്തും നിർഭാഗ്യകരമായ സംഭവമാണ്.  അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരാമർശങ്ങൾ ​ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കട്ടപ്പന പ്രത്യേക പോക്‌സോ കോടതിയാണ് വിചാരണ നടപടികൾ പൂർത്തിയാക്കി പ്രതിയെ വെറുതെവിട്ടത്. കോടതിവിധി പരിശോധിച്ച് ആവശ്യമായ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിച്ചു വരികയാണ്. പ്രതിയെ വെറുതെ വിട്ട ഉത്തരവിനെതിരെ ഹൈക്കോടതിയിൽ  അപ്പീൽ കൊടുത്തിട്ടുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് അനുവദിക്കില്ല.  ഗവൺമെൻറിൻറെ മുന്നിൽ ഹതഭാഗ്യയായ ആ കുട്ടിയുടെയും കുടുംബത്തിൻറെയും പ്രശ്നം മാത്രമാണുള്ളത്. അക്കാര്യത്തിൽ  കർക്കശനടപടിതന്നെ പ്രതിക്കെതിരെ  സ്വീകരിക്കും. കുറ്റകൃത്യങ്ങളിൽ പ്രതികളെ കണ്ടെത്തുന്നതിൽ നമ്മുടെ പൊലീസ് മുൻപന്തിയിലാണ്. നിരവധി കേസുകളിൽ പഴുതടച്ചുള്ള അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തിയിട്ടുണ്ട്.  തെളിയിക്കപ്പെടാതെ കിടന്ന കേസുകൾ വരെ തെളിയിച്ചു മുമ്പോട്ടുപോവുകയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഒരാക്രമണം പോലും നടക്കരുത് എന്നുള്ള നിലപാടാണ് സർക്കാരിനുള്ളത്. ഇതിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe