കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കിൽ കല്ല് കണ്ടെത്തിയത്. വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷന് ഇടയിലാണ് സംഭവം.
സംഭവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയിൽവേ പൊലീസും കേരള പൊലീസും അന്വേഷിക്കും.
കഴിഞ്ഞ ദിവസം വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്ന് എർത്ത് ബോക്സ് മൂടിവെക്കുന്ന കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ -കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ ശേഷമാണ് സ്ലാബ് കണ്ടെത്തിയത്.
രണ്ട് വർഷം മുമ്പ് കാസർകോട്-തിരുവനന്തപുരം സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. തിരൂർ- തിരുനാവായ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ജനാലയുടെ ചില്ലിൽ പൊട്ടൽ വീണിരുന്നു.
കൂടാതെ, തിരുവനന്തപുരം കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേവെച്ചും തൃശ്ശൂരിൽ വെച്ചും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് സംഭവങ്ങളിലും ട്രെയിനിന്റെ ജനാലയുടെ ചില്ലുകൾ തകർന്നിരുന്നു. തൃശ്ശൂർ സംഭവത്തിൽ ആർ.പി.എഫ് നടത്തിയ അന്വേഷണത്തിൽ മാനസിക വിഭ്രാന്തിയുള്ള ആളെ കസ്റ്റഡിയിൽ എടുത്തിയിരുന്നു.