വന്ദേഭാരത് കടന്നുപോയപ്പോൾ അസാധാരണ ശബ്ദം, ലോക്കോ പൈലറ്റ് ആർപിഎഫിനെ അറിയിച്ചു; പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി

news image
Mar 11, 2025, 4:07 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലായി സ്വദേശി മഠത്തിൽ വീട്ടിൽ നിഖിലാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ആർപിഎഫ് അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ് കടന്ന് പോയതിന് പിന്നാലെയാണ് പാളത്തിൽ കരിങ്കല്ലുകൾ ശ്രദ്ധയിൽപ്പെട്ടത്.

ഇന്നലെ രാത്രി ഒമ്പതരയോടെ വന്ദേ ഭാരത് എക്സ്പ്രസ് പന്നിയങ്കര ഭാഗത്തെ റെയിൽവേ പാളത്തിലൂടെ കടന്നുപോയപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. സംഭവം ലോക്കോ പൈലറ്റ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. പിന്നാലെ ആർപിഎഫ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ആർ കെ മിഷൻ സ്കൂളിന് സമീപം റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിയിരിക്കുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ആർട്ടിഫിനെ കണ്ടതും സമീപത്തുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ കല്ലായി സ്വദേശി നിഖിലിനെ ആർപിഎഫ് പിന്തുടർന്ന് പിടികൂടി. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.

ഇവർ റെയിൽവേ ട്രാക്കിലിരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ആർപിഎഫ് പറഞ്ഞു. റെയിൽവേ ട്രാക്കിൽ അതിക്രമിച്ച് കടന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനുമാണ് ആർപിഎഫ് കേസെടുത്തിരിക്കുന്നത്. നിഖിലിന്റെ പേരിൽ ബേപ്പൂർ മാറാട് പൊലീസ് സ്റ്റേഷനുകളിൽ ലഹരി കേസുകളുണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe