വന്യജീവി ആക്രമണം: മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം വ്യാഴാഴ്ച

news image
Mar 13, 2024, 6:28 am GMT+0000 payyolionline.in

കോഴിക്കോട്∙ വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി വ്യാഴാഴ്ച യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഉദ്യോഗസ്ഥരടങ്ങിയ സമിതിയും യോഗത്തിൽ പങ്കെടുക്കും. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആനയെ കോടനാട് നിന്നുള്ള സംഘം എത്തി പരിശോധിക്കും. ആനയ്ക്ക് ചികിത്സ ആവശ്യമുണ്ടെന്നാണ് മനസ്സിലായത്. ആനയുടെ ജീവൻ രക്ഷിക്കാനുള്ള നടപടി വേണമെന്ന് നിർദേശം നൽകി.

വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് കേരളം, കർണാടക, തമിഴ്നാട് സർക്കാരുകൾ സംയുക്തമായി നടത്തിയ ചർച്ച ഫലപ്രദമായിരുന്നു. വനം വന്യജീവി നിയമത്തിൽ കാലോചിതമായി പരിഷ്കരണം വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മറ്റു സംസ്ഥാനങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. കാട്ടിൽനിന്ന് ആനയിറങ്ങുന്നത് പ്രതിരോധ നടപടികളിലൂടെ മാത്രം തടയാനാകില്ല. കാട്ടിൽതന്നെ കഴിയാനുള്ള ആവാസ വ്യവസ്ഥ ഒരുക്കണം. കക്കയത്ത് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങൾ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ഉദ്യോഗസ്ഥർ ഉദാസീനത കാണിക്കുന്നു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe