വയനാട്: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡി.എൻ.എ പരിശോധന ഫലം പുറത്തുവന്നതിനെ തുടർന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മുണ്ടക്കൈ സ്വദേശി സുബൈറിന്റേതാണ് മൃതദേഹ ഭാഗം.
ഈ മൃതദേഹങ്ങളും മൃതദേഹഭാഗവും കാണാതായ മറ്റ് നാല് പേരുടേത് ആണെന്നാണ് നേരത്തെ കരുതിയിരുന്നത്. ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ കൈമാറണമെന്ന് കലക്ടർ ഉത്തരവിട്ടു. നിലവിലെ സംസ്കാര സ്ഥലം തന്നെ തുടരണമെന്ന് താല്പര്യമുള്ളവർക്ക് അടയാളപ്പെടുത്തിയ പേരുകളിൽ മാറ്റം വരുത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിൽ കാണാതായ 40ൽ അധികം പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ 298 മരിച്ചതായാണ് സർക്കാർ കണക്ക്. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 128 പേരെ കാണാതായതിൽ നിന്ന് 84 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.