കൊച്ചി: ഉരുള്‍പൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ -ചൂരല്‍മല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുനരധിവാസത്തിന് കേന്ദ്രസർക്കാരിനെ പൂർണ്ണമായി ആശ്രയിക്കരുതെന്നും കേന്ദ്രസഹായം എത്രയെന്നത് അറിയാൻ ഇനിയും കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പുനരധിവാസത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്നും സ്വന്തം നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 75 ശതമാനം തുക ചിലവഴിച്ച ശേഷം കോടതിയെ അറിയിക്കാനും സംസ്ഥാനത്തോട് പറഞ്ഞു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പറയാമെന്ന് കേന്ദ്ര സര്‍ക്കാർ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നല്‍കിയതെന്നും കേന്ദ്രം ഇന്ന് വിശദീകരിച്ചു.