കോഴിക്കോട്: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച ഫണ്ടിൽ വ്യക്തത വരുത്തണമെന്ന് രാജ്യസഭാ എംപി പി സന്തോഷ് കുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സന്തോഷ് കുമാർ എംപി കത്തയച്ചു.
പൊതുജനങ്ങളിൽ നിന്ന് പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ലെന്നും എത്ര പിരിച്ചുവെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ എങ്ങനെ വിനിയോഗിച്ചുവെന്നോ വ്യക്തമല്ലെന്നും സന്തോഷ് കുമാർ എംപി പറയുന്നു. സംശയങ്ങൾ ഇല്ലാതാക്കാനുളള ഉത്തരവാദിത്തം മുൻ എംപി എന്ന നിലയിൽകൂടി രാഹുൽ ഗാന്ധിക്കുണ്ടെന്നും സന്തോഷ് കുമാർ കത്തിൽ പറയുന്നു.
ഹരിയാന സീറ്റ് കോഴയിൽ ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയർ ഉന്നതരും രാഹുൽ ഗാന്ധിയുമായി അടുപ്പമുളളവരുമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു.
