കൽപറ്റ: വയനാട് ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നു വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു. പൊന്നംകൊല്ലി സ്വദേശി അഖിൻ്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ കത്തിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദംകേട്ടാണ് അഖിൽ എഴുന്നേറ്റു നോക്കിയത്. വീട്ടുമുറ്റത്ത് കാർ കത്തുന്നതാണ് കണ്ടത്.
ബൈക്കും കാറും കത്തുന്നത് കണ്ടതോടെ ഫയർഫോഴ്സിനെ അറിയിച്ചു. അവരെത്തി തീ അണച്ചു. അപ്പോഴാണ് അയൽവാസി ബെന്നിയുടെ വീട്ടിലെ ബൈക്കും കത്തുന്നത് കണ്ടത്. സമീപത്തെ ഒരു കടയ്ക്കും തീ വച്ചിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. എന്താണ് സംഭവിച്ചതെന്നോ, ആരാണ് ചെയ്തതെന്നോ വ്യക്തമല്ല. അമ്പലവയൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.