കൊച്ചി: കള്ളാടിയിൽ ഏഴ് പേർ മരിച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ കരാർ കമ്പനിയെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെയും വിമർശിച്ച് അമികസ് ക്യൂറി റിപ്പോർട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നാണ് അമികസ് ക്യൂറിയുടെ റിപ്പോർട്ട്. അപകടത്തിലെ ഉദ്യോഗസ്ഥ വീഴ്ചയും അന്വേഷിക്കണമെന്ന് അമികസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചപറ്റിയെന്നും കരാറുകാരായ ദിലിപ് ബിൽഡോകിന് മുൻപും നിർമ്മാണ വീഴ്ചയുണ്ടായിട്ടുണ്ടെന്നുമാണ് അമികസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഹൈക്കോടതിയിൽ അമികസ് ക്യൂറി രഞ്ജിത് തമ്പാൻ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. അപകട മുന്നറിയിപ്പുണ്ടായിട്ടും പ്രദേശത്തെ മൺകൂന മാറ്റിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനിക്കെതിരെ മാത്രമല്ല ഉദ്യോഗസ്ഥ വീഴ്ചയിലും പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് അമികസ് ക്യൂറി നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടെന്നാണ് അമികസ് ക്യൂറി റിപ്പോർട്ടിലെ വിമർശനം. അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയെന്നും പരിസ്ഥിതി അനുമതിയുള്ള പദ്ധതിയിൽ ഇടപെടാതെ ഫയൽ മടക്കിയെന്നും പരാമർശിച്ചിട്ടുണ്ട്.
ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും അതോറിറ്റിക്ക് പരിശോധിക്കാൻ അധികാരമുണ്ടെന്നും അമികസ് ക്യൂറി വ്യക്തമാക്കി. ആന്ധ്രയിലെ അനകപ്പള്ളിയിൽ ദിലീപ് ബിൽഡ്കോൺ നിർമ്മിച്ച ഫ്ളൈ ഓവർ തകർന്നുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കമ്പനിയുടെ മുൻകാല ചരിത്രം പരിശോധിച്ച് വേണം കരാർ നൽകാനെന്നും പരിസ്ഥിതി ലോല പ്രദേശത്ത് കരാർ നൽകുമ്പോൾ പരിശോധന വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. അമികസ് ക്യൂറി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും മറുപടി നൽകണമെന്നും നിർദേശമുണ്ട്.
