പാലക്കാട്∙ വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി, ആശങ്കകൾ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വയനാട്ടിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ഫോണിൽ വി.ഡി.സതീശൻ ആശയവിനിമയം നടത്തി. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം. തുടർച്ചയായി വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്‌ടമാകുമ്പോൾ വൈകാരിക പ്രതികരണങ്ങൾ സ്വാഭാവികമാണ്. സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ വനംമന്ത്രി നിസംഗനായി ഇരിക്കുകയായിരുന്നെന്ന് വി.ഡി.സതീശൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ‘‘ഈ വിഷയം നിരവധി തവണ ഉന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. വന്യജീവി ആക്രമണം നേരിടുന്നതിനായി സർക്കാരിന് ഒരു പദ്ധതികളുമില്ല. ഏഴായിരത്തോളം പേർക്കാണ് നഷ്‌ടപരിഹാരം ലഭിക്കാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെയാണ്. കേരളത്തിലും ഡൽഹിയിലും ആരും സമരം ചെയ്യാൻ പാടില്ലെന്ന നിലപാടിലാണിവർ. അതുകൊണ്ടാണ് വയനാട്ടിൽ പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടത്. മരണഭീതിയില്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും. അവരെ തീവ്രവാദികളായി ചിത്രീകരിക്കേണ്ട. സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുമ്പോഴാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയത്തിന് പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍ ഇതൊരു വിഷയമായി കൊണ്ടുവരണം. ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകടനപത്രികയിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനൊക്കെ പുറമെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം. ഇത്രയും നിഷ്‌ക്രിയത്വം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. വിഷയം നിയമസഭയില്‍ അവതരിപ്പിക്കാനും ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യാനും മാത്രമെ എംഎല്‍എമാര്‍ക്ക് സാധിക്കൂ.
അവര്‍ക്കെതിരെ സംഘര്‍ഷത്തിന് പോയിട്ട് കാര്യമില്ല. ജനപ്രതിനിധികളെയും നേതാക്കളെയും കാണുമ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അല്ലാതെ അവരുടെ മെക്കിട്ടു കയറാന്‍ പൊലീസിനെ അയച്ചിട്ട് കാര്യമില്ല. മാനന്തവാടിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ല. എംഎല്‍എമാരാണ് ജനങ്ങളെ സമാധാനിപ്പിച്ചത്.’’– വി.ഡി.സതീശൻ പറഞ്ഞു