കോഴിക്കോട്: മോഷണ വാഹനങ്ങളിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണമാല കവർന്നിരുന്ന പ്രതി പിടിയിൽ. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലി (36) ആണ് സിറ്റി ക്രൈം സ്ക്വാഡിന്റെയും മെഡിക്കൽ കോളേജ് പോലീസിന്റെയും പിടിയിലായത്. ലഹരിമരുന്ന് വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമായാണ് ഇയാൾ കവർച്ച നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ജനുവരി 22-ന് കോംട്രസ്റ്റ് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ രണ്ടേകാൽ പവൻ മാല സ്കൂട്ടറിലെത്തിയ പ്രതി കവർന്നിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പ്രതി സഞ്ചരിച്ച വാഹനം അശ്വിനി ലാബിന്റെ പാർക്കിംഗിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി. ഏകദേശം അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മുൻ കുറ്റവാളികളെ നിരീക്ഷിച്ചുമാണ് പോലീസ് പ്രതിയെ വലയിലാക്കിയത്.
തിങ്കളാഴ്ച പന്നിയങ്കരയിൽ പള്ളിയിൽ പോവുകയായിരുന്ന 75-കാരിയുടെ മാല പൊട്ടിച്ചതും പുതിയറയിൽ കവർച്ച നടത്തിയതും ഇതേ പ്രതി തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പിടികൂടിയപ്പോൾ കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. ഇയാളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും പുതിയ ഐഫോണും കണ്ടെടുത്തു. മാരക ലഹരിമരുന്നുകൾക്ക് അടിമയായ പ്രതി, ഇതിനുള്ള പണം കണ്ടെത്താനാണ് പ്രായമായവരെ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ വയോധികരുടെ മാല കവർന്നതിന് ഇയാൾക്കെതിരെ പന്നിയങ്കര, കസബ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ച തുടർന്നത്.
ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് എസിപി കെ.എം. ബിജു, ഇൻസ്പെക്ടർ യു.വി. വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സ്വർണ്ണം വാങ്ങിയവരെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.
