കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. സജി സെബാസ്റ്റ്യനെതിരെ (54) എറണാകുളം വിജിലൻസ് സ്പെഷൽ സെൽ കേസെടുത്തു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസിനെതിരെ നടത്തിയ മിന്നൽ പരിശോധനയിൽ പിടിക്കപ്പെടുമ്പോൾ ഇവർ കോട്ടയം ഗവ. മെഡിക്കൽ കോളജിലായിരുന്നു.
മെഡിക്കൽ കോളജിൽ അസോസിയറ്റ് പ്രഫസറായി ജോലിചെയ്തുവന്ന കാലയളവിൽ ബാങ്ക് ഡെപ്പോസിറ്റുൾപ്പെടെ 2,55,65,546 രൂപ ഇവർ സമ്പാദിച്ചതായും ഇതിൽ 19,78,339 രൂപ വരവിൽ കവിഞ്ഞതാണെന്നുമായിരുന്നു കണ്ടെത്തൽ. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയാണ് സജി സെബാസ്റ്റ്യൻ. വീടുകളിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.
വിജിലൻസ് എറണാകുളം സ്പെഷൽ സെൽ സൂപ്രണ്ട് ആർ. ഷാബുവിന്റെയും ഇൻസ്പെക്ടർ എ.ജി. ബിബിന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണവുമായി ബന്ധപ്പെട്ട് 70ലധികം രേഖകളും മുതലുകളും പിടിച്ചെടുത്തിരുന്നു. ഇതിൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു