അമ്പലപ്പുഴ വളഞ്ഞവഴിയിൽ കടലാക്രമണം രൂക്ഷം; രണ്ട് വീടുകള്‍ തകര്‍ന്നു, നിരവധി വീടുകൾ ഭീഷണിയിൽ

news image
Aug 21, 2024, 5:33 pm GMT+0000 payyolionline.in

അമ്പലപ്പുഴ: വളഞ്ഞവഴിയിൽ അതിരൂക്ഷമായ കടലാക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലുമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ സുരേന്ദ്രൻ, അശോകൻ എന്നിവരുടെ വീടുകളാണ് തകർന്നത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായിരുന്ന കടലാക്രമണം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. സുനാമി പദ്ധതിയിൽ ലഭിച്ച വീടുകളാണ് കടലെടുത്തത്. തകർന്ന വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഇവർ അയൽപക്കത്തെ വീടുകളിലേക്ക് മാറ്റി. രണ്ട് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 9 പേരാണുള്ളത്. വീട് തകർന്നതോടെ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ഇവർ.

കടലാക്രമണത്തെ ചെറുക്കാനായി കോടികൾ ചെലവഴിച്ചു നിർമിച്ച ടെട്രാപോഡുകൾക്ക് മുകളിലൂടെ ആഞ്ഞടിച്ച തിരമാലകളാണ് വീടുകൾ തകർത്തത്. കടൽഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമല്ലാതെ ഒരു കല്ല് പോലും തീര സംരക്ഷണത്തിനായി ഇവിടെ ഇറക്കിയിട്ടില്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്. നിരവധി വീടുകൾ ഇപ്പോഴും തകർച്ചാ ഭീഷണിയിലാണ്.

വീട് സംരക്ഷിക്കാൻ ചാക്കുകളിൽ മണ്ണ് നിറച്ച് തീരത്ത് സ്ഥാപിക്കുകയാണ് ഇവർ. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തീര സംരക്ഷണത്തിനായി യാതൊരു നടപടിയുമുണ്ടായിട്ടില്ല. കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കാനായി ടെണ്ടർ ക്ഷണിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തീര സംരക്ഷണം യാഥാർത്ഥ്യമാകാതെ വന്നതാണ് ഈ വീടുകൾ തകരാൻ കാരണമായത്. കടൽ ഇനിയും ശക്തി പ്രാപിച്ചാൽ കൂടുതൽ വീടുകൾ കടലെടുക്കാനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe